ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വരെ കയറി ചുറ്റുപാടും കണ്ട ശേഷം താഴെയിറങ്ങി ചുറ്റും ഉള്ള ഗാലറികളിലെ ശില്പങ്ങള് ഒന്നോടി നടന്നു കണ്ടു. കുരുക്ഷേത്ര യുദ്ധത്തിലെ രംഗങ്ങള്‍, പാലാഴി മഥനം, രാമരാവണയുദ്ധം, സ്വര്‍ഗ നരകങ്ങളും നരകത്തില്‍ പാപികളെ തിളച്ച എണ്ണയില്‍ മുക്കുന്നതും എല്ലാം കണ്ടു അത്ഭുതപ്പെട്ടു. സൂര്യ വര്മരാജാവിന്റെ യുദ്ധ വിജയവും അക്രമികള്‍ ബോട്ടില്‍ വന്നു നടത്തിയ യുദ്ധവും അവരെ തോല്പ്പിച്ചോടിച്ചതും എല്ലാം വിശദമായി കാണാന്‍ തന്നെ ഒന്നോ രണ്ടോ ദിവസം മതിയാവുകയില്ല. എങ്കിലും അവയെപ്പറ്റി സംക്ഷിപ്തമായി പറയാതെ വയ്യ.
ഇവിടെ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ പ്രധാനമായവ താഴെ കൊടുക്കുന്നവയാണ്.
1. കുരുക്ഷേത്ര യുദ്ധം
ചിത്രങ്ങള്‍ ആലേഖനം ചെയ്ത ദക്ഷിണ ഭാഗത്തെ ചുമരില്‍ ആണ് കുരുക്ഷേത്ര യുദ്ധത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഉത്തര ഭാഗത്ത് നിന്ന് കൌരവരും ദക്ഷിണ ഭാഗത്ത് നിന്ന് പാണഡവരും യുദ്ധസന്നദ്ധരായി അഭിമുഖമായി മുന്നേറുന്നു. അവര്‍ തമ്മില്‍ നടക്കുന്ന പൊരിഞ്ഞ യൂദ്ധമാണു ചിത്രീകരിച്ചിരിക്കുന്നത്. ഏറ്റവും താഴത്തെ നിലയില്‍ കാലാള്‍പ്പടയും അതിനു മുകളില്‍ ആയി ആനപ്പുറത്ത് ഇരുന്നു യുദ്ധം ചെയ്യുന്ന നേതാക്കളും അതിന്റെ മുകളില്‍ പടനായകന്മാരും യുദ്ധം ചെയ്യുന്നു. യുദ്ധത്തില്‍ മുറിവേറ്റ ഒരു മുഖ്യന്റെ ചുറ്റും സങ്കടപ്പെട്ടു നില്ക്കുന്ന കുടുംബാംഗങ്ങളും മറ്റു പടയാളികളും ഒരു പ്രധാന രംഗമാണ്. മറ്റൊരു രംഗത്തില്‍ ആനപ്പുറത്തിരിക്കുന്ന മുറിവേറ്റ ഒരു നായകന് തോല്‍വി സമ്മതിച്ച രംഗവും മറ്റൊന്നില്‍ ആനപ്പുറത്ത് നിന്ന് മുറിവേറ്റ ഒരു ഭടന് താഴോട്ടു വീഴുന്ന രംഗവും ചിത്രീകരിച്ചിരിക്കുന്നു. കാലാകാലങ്ങളില്‍ വന്ന മാറ്റങ്ങള്‍ കൊണ്ടു അനേകം സന്ദര്‍ശകരുടെ കൈപ്പാടും കൊണ്ടു ചില ചിത്രങ്ങള്‍ കറുത്ത മാര്‍ബിള്‍ കൊണ്ടു നിര്‍മ്മിച്ചപോലെ നിറഭേദം വന്നിരിക്കുന്നു. തെക്ക് പടിഞ്ഞാറു ഭാഗത്ത് രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളെയാണ് ശില്പ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

2. സൂര്യ വര്‍മ്മന്റെ യോദ്ധാക്കള്‍.
ദക്ഷിണഗാലറിയുടെ പശ്ചിമ ഭാഗത്ത് വിജയ ശ്രീലാളിതരായ സൂര്യവര്‍മ്മന്‍ ചക്രവര്‍ത്തിയുടെ പടയാളികളെയാണ് ചിത്രീകരിച്ചി രിക്കുന്നത്. സൂര്യവര്‍മ്മന്‍ രണ്ടാമന് സ്വയം ഒരു ആനയുടെ പുറത്തു യുദ്ധം നയിച്ച് നില്ക്കുന്നു. പടച്ചട്ട അണിഞ്ഞ രാജാവിന്റെ രൂപം 15 മുത്തുക്കുടകളുടെയും ആലവട്ടത്തിന്റെയും അകമ്പടിയോടെ ആണ് നില്‍ക്കുന്നത്. ഉത്തരഗാലറിയില് ഉള്ള ശ്രീരാമന്റെ രൂപവുമായി സൂര്യവര്‍മ്മ രാജാവിന്റെ രൂപത്തിനുള്ള സാദൃശ്യം യാദൃശ്ചികമാവാന്‍ വഴിയില്ല. ഈ ഗാലറിയുടെ തന്നെ മറ്റൊരു ഭാഗത്ത് തായ്ലന്റില് നിന്ന് വന്ന ആക്രമണകാരികളുമായി യുദ്ധം ചെയ്തു അവരെ തോല്പ്പിച്ചോടിക്കുന്നതും കാണിക്കുന്നു. തായ് പടയാളികളെ അവരുടെ പ്രത്യേക വസ്ത്രങ്ങളില്‍ നിന്നും ഉപയോഗിക്കുന്ന ആയുധങ്ങളില്‍ നിന്നും പ്രത്യേകം തിരിച്ചറിയുന്ന വിധത്തില്‍ ആണ് .പ്രത്യേക പടച്ചട്ടയും മുട്ടുവരെ മാത്രം ഇറക്കമുള്ള പാവാട പോലെയുള്ള വസ്ത്രവും കാണാം. സൂര്യ വര്മ്മന് സൂക്ഷിച്ചിരുന്ന സുവര്‍ണ നിക്ഷേപത്തിലേക്ക് വഴി കാട്ടുന്ന ചില സൂചനാഫലകങ്ങള്‍ ഇളക്കി മാറ്റിയപ്പോഴുണ്ടായ ചില ദ്വാരങ്ങളും കാണാവുന്നതാണ്. സൂര്യവര്‍മ്മന്‍ ശേഷം ഭരണം ജയവര്‍മ്മന്റെ കാലത്താണിത് ചെയ്തത് എന്ന് കരുതപ്പെടുന്നു.
3. സ്വര്‍ഗവും നരകവും
ദക്ഷിണ ഗാലരിയുറെ കിഴക്ക് ഭാഗത്ത് പാപികള്‍ക്ക് നരകത്തില്‍ കൊടുക്കുന്ന ശിക്ഷകളുടെ വിശദ വിവരങ്ങള്‍ സ്വര്‍ഗത്തിലെ വിശേഷങ്ങളും ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദു പുരാണങ്ങളില്‍ പറയുന്ന 37 സ്വര്ഗങ്ങളും 32 നരകങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ഏറ്റവും മുകളിലും മദ്ധ്യ ഭാഗത്തുമായി ഒരു പോത്തിന്റെ മുകളില്‍ ഇരിക്കുന്ന യമനും അതിന്റെ താഴെയായി സഹായികളായ ചിത്രഗുപതനും ധര്‍മ്മനും നിലകൊള്ളുന്നു. ഇവരുടെ മുന്നിലേക്ക് നന്മ ചെയ്തവരെ ആനയിക്കുന്നു. താഴത്തെ നിരയില്‍ പിശാചുക്കള്‍ പാപികളെ വലിച്ചിഴച്ചു കൊണ്ടു പോകുന്നു. നരകത്തില്‍ കൊടുക്കുന്ന വിവിധ ശിക്ഷാമുറകള്‍ ഭീകരമായി ചിത്രീകരിച്ചിരിക്കുന്നു. ഇതിന്യെയെല്ലാം മുകളില്‍ സ്വര്‍ഗ രാജ്യത്തില്‍ ഗൌര്ടന്മാരും മാലാഖകളും സുന്ദര ഹര്മ്മ്യങ്ങള്ക്ക് കാവല്‍ നില്ക്കുന്നു. ഈ ഭാഗത്തിന്റെ മട്ടുപ്പാവ് 1930 ല്‍ ഫ്രെഞ്ചുകാരാണ് പുനര്‍ നിര്‍മ്മിച്ചത്.
പാലാഴി മഥനം
4. പാലാഴി മഥനം
ഹൈന്ദവ പുരാണത്തില്‍ ദേവന്മാരും അസുരന്മാരും കൂടി പാലാഴിയില്‍ നിന്ന് അമൃതം മഥനം ചെയ്യുന്നത് ചിത്രീകരിച്ചിരിക്കുന്നു. ആണ്ഗ് കോര്‍ ചുവര് ചിത്രങ്ങളില്‍ ഏറ്റവും ഭംഗിയുള്ളതും ഇത് തന്നെ. 88 ദേവന്മാരും 82 അസുരന്മാരും ചേര്‍ന്ന്
ഭീമാകാരനായ വാസുകി എന്ന സര്‍പ്പത്തിനെ ഉപയോഗിച്ചാണ് മഥനം നടത്തുന്നത്. സര്‍പ്പത്തിന്റെ തല ഭാഗം ദേവന്മാരുടെ കയ്യിലും വാല് ഭാഗം അസുരന്മാരുടെ കയ്യിലും ആണ്. സര്‍പ്പത്തിന്റെ ദേഹം മന്ധര പര്‍വതത്തില്‍ ചുറ്റിയിരിക്കുന്നു. പാലാഴി കടയുമ്പോള്‍ ജലവും മറ്റും മുകളിലോട്ടു തെറിക്കുന്നു. വിഷ്ണു ഭഗവാന് ഭീമാകാരനായ ഒരു ആമയുടെ പുറം തോടു കടയുന്ന പര്‍വതത്തിന്റെ ആധാരമായി നില്ക്കുന്നു. ബ്രഹ്മാവ്, ശിവന്, ഹനുമാന് , ലക്ഷ്മി എന്നിവര്‍ ഇടയ്ക്ക് പ്രത്യക്ഷമാവുന്നു. ഇതിന്റെ മുകളില്‍ ആയി ഒരു കൂട്ടം ഗന്ധര്വന്മാരും അപ്സരസ്സുകളും പാട്ടും നൃത്തവുമായി ഇവരെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നു.
5. കൃഷ്ണനും ബാണാസുര വധവും
ഉത്തരഗാലറിയുടെ തന്നെ കിഴക്ക് ഭാഗത്ത് വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന് രാക്ഷസരാജാവായ ബാണാസുരനുമായി യുദ്ധം ചെയ്യുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗരുഡന്റെ പുറത്തു ഇരിക്കുന്ന കൃഷ്ണന് സുരക്ഷയ്ക്ക് വേണ്ടി താന്‍ താമസിക്കുന്ന നഗരത്തിനു ചുറ്റും തീ കത്തിച്ചു ജീവിക്കുന്ന ബാനാസുരന് ചുറ്റും ഉള്ള തീ ഗരുഡന് കെടുത്തുന്നു. ബന്ധിതനായ ബാണാസുരനെ ഭഗവാന് ശ്രീകൃഷ്ണന് വധിക്കുന്നു. അവസാന രംഗത്തില്‍ കൃഷ്ണന് ബാണാസുരനെ വധിച്ചതിനു പരമശിവനോട് മാപ്പ് ചോദിക്കുന്നതായി കാണിക്കുന്നു.
6. ദേവാസുര യുദ്ധം
ഉത്തര ഗാലറിയുടെ പടിഞ്ഞാറ് ഭാഗത്ത് ദേവാസുരയുദ്ധം ആണ് നിര്‍മ്മിച്ചിരിക്കുന്നത്. 21 ദേവന്മാരും അസുരന്മാരുമായാണ് യുദ്ധം. ദേവന്മാരുടെയും രാക്ഷസന്മാരുടെയും വസ്ത്രധാരണ രീതിയില്‍ നല്ല വ്യതാസം ഉണ്ട്. ഭഗവാന് വിഷ്ണു ഗരുഡന്റെ മുകളില്‍ ഉള്ളതായാണ് കാണിച്ചിരിക്കുന്നത്.
7. രാമരാവണയുദ്ധം.
പത്തു തലയും ഇരുപതു കൈകളും ഉള്ള രാവണന്, തന്റെ സഹായികളും അടിമകളും വലിച്ചു കൊണ്ടു വന്ന ഒരു രഥത്തില്‍ യാത്ര ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത് ഹനുമാന്റെ തോളില്‍ ഇരുന്നു രാമന് രാവണനെ വധിക്കുന്നു, തന്റെ സുന്ദരിയായ ഭാര്യ സീതയെ മോഷ്ടിച്ച് കൊണ്ടു പോയി സ്വന്തം ഭാര്യയാക്കാന്‍ ശ്രമിച്ചതിനു.

ആന്ഗ് കോര്‍ വാട്ട് ക്ഷേത്ര സമുച്ചയത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഒരു വലിയ കുളം ഉണ്ട്. നിലാവുള്ള രാത്രിയില്‍ ക്ഷേത്രത്തിന്റെ പ്രതിബിംബം പൂര്‍ണമായും ആ തടാകത്തില്‍ കാണാം. ചില മാസങ്ങളില്‍ രാവിലെ സൂര്യനുദിച്ചു വരുമ്പോള്‍ ക്ഷേത്രം അത്യപൂര്‍വമായ രീതിയില്‍ കാണാന്‍ കഴിയുമെന്ന് പറഞ്ഞുകേട്ടു , പ്രത്യേകിച്ചും സൂര്യന് ഭൂമദ്ധ്യരേഖയ്ക്ക് നേരെ വരുമ്പോള്‍ ക്ഷേത്രത്തിന്റെ ഒത്തനടുവില്‍ സൂര്യന് ഉദിക്കുമത്രേ. ഞങ്ങള്‍ പുലര്‍ച്ചെ ക്യാമറയും തൂക്കി അവിടെ എത്തി. ഉത്തരായന കാലമായതു കൊണ്ടു സൂര്യന് ഉദിച്ചത് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായിരുന്നു. എങ്കിലും കുറെ ഫോട്ടോകള്‍ എടുത്തു. കുളത്തില്‍ വെള്ളം കുറവായത് കൊണ്ടും ചില ഭാഗങ്ങളില്‍ പായല്‍ നിറഞ്ഞത് കൊണ്ടു പ്രതിബിംബം അത്ര വ്യക്തമായില്ല. ഞങ്ങളെപ്പോലെ സഞ്ചാരികളായ നാനൂറു പേരെങ്കിലും പുലര്‍ച്ചെ അവിടെ എത്തിയിരുന്നു.
നമ്മുടെ സഹയാത്രികന് പറഞ്ഞു " ഇത് ആന്ഗ് കോര്‍ ക്ഷേത്രങ്ങളില്‍ ഒന്ന് മാത്രമാണ് , ഇത് പോലെ പലതും നമുക്ക് അടുത്ത ദിവസം കാണാം ". മണ്ണിനടിയില്‍ മറഞ്ഞു പോകുമായിരുന്ന ഈ ക്ഷേത്രം വിദേശത്ത് നിന്ന് വന്ന ഫ്രെഞ്ച് ഭരണാധികാരികളാണ് ലോക ജനതയുടെ ശ്രദ്ധയില്‍പെടുത്തിയത്. പുനരുദ്ധാരണ പ്രക്രിയ ഇപ്പോഴും തീര്‍ന്നിട്ടില്ല, എങ്കിലും മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് പുനരുദ്ധാരണം ഏറ്റവും കൂടുതല്‍ ചെയ്തത് ഇവിടെ തന്നെയാണ്. ലോക ഹെരിറ്റേജ് കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് കൊണ്ടു ലോകത്തിലെ ടൂറിസ്റ്റ് മാപ്പില്‍ ആന്ഗ് കോര്‍ വാട്ട് അത്യപൂര്‍വ ശ്രദ്ധനേടുകയും ചെയ്തു.
ഇവിടെ വന്നു ഇതിനൊക്കെ കാരണമായ ഫ്രെഞ്ചുകാര്ക്ക് നന്ദി. നമോവാകം !!
കാവല്ക്കാര് സര്‍പ്പവും സിംഹവും
വിമാനത്തില്‍ നിന്നുള്ള കാഴ്ച
തൂണിലെ ശില്പം
Some photos are from Wikipedia (Commons License )
അവലംബം:
1. Ancient Ang Kore , Michael Freeman, Claude Jacques, ISBN 974 8225 275 , First published in Thailand in 1999by River Books Ltd.
2. Cambodia : Lonely Planet , Nick Grey and Greg Bloom ( Written and research) , ISBN 975 3 74175 965 1, 8th edition published in Jan 2014 .
3. Wikipedia articles in Ang Kor Wat : ( https://en.wikipedia.org/wiki/Angkor_Wat)
4. Other tourist guides/pamphlets.