2017 ഒക്‌ടോബർ 15, ഞായറാഴ്‌ച

15: കംബോഡിയന്‍ നാട്ടിന്‍പുറം

നോം പെന്നിലെ രണ്ടു ദിവസം പെട്ടെന്ന് കഴിഞ്ഞു. രാജകൊട്ടാരത്തി ന്റെയും കാഴ്ചബന്ഗ്ലാവിന്റെയും ഗാംഭീര്യത്തിനും കൂട്ടക്കൊല നടന്ന സ്ഥലം കണ്ടതിന്റെ ഞെട്ടലിനും വിട പറയാന്‍ സമയമായി. ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യമായ ആന്ഗ് കോര്‍ ക്ഷേത്രങ്ങള്‍ കാണാന്‍ സുമാര്‍ ആറു മണിക്കൂര്‍ നോം പെന്നില്‍ നിന്ന് റോഡു മാര്‍ഗം യാത്ര ചെയ്യണം, ചില സ്ഥലങ്ങളില്‍ റോഡ്‌ അത്ര നല്ലതല്ല എന്ന് മുന്‍പേ അറിഞ്ഞിരുന്നു. ഏതായാലും ഉച്ച ഭക്ഷണം വീണ്ടും ഒരു ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ നിന്ന് കഴിച്ചു ഒന്നര മണിക്ക് ഒരു ലക്ഷ്വറി ബസ്സില്‍ യാത്ര തുടങ്ങി. ബസ്സ് കുഴപ്പമില്ല, നമ്മുടെ വോള്‍വോ ബസ്സ് പോലെയുള്ള നല്ല വാഹനം. കമ്പനി ജര്‍മ്മന്‍ വോള്‍വോ അല്ല കൊറിയന്‍ ഹ്യുണ്ടായ്‌ ആണ് എന്ന് മാത്രം. 
നഗരത്തിന്റെ തിരക്കില്‍ നിന്ന് നാട്ടിന്പുറത്തേക്ക് കടന്നു, ഞങ്ങളുടെ കുട്ടനാട്ടില്‍ കൂടിയുള്ള യാത്ര പോലെ. ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ട്, ചില സ്ഥലത്ത് ചെളി നിറഞ്ഞ റോഡ്‌ , ഹൈവേയ്ക്ക് വീതി കൂട്ടുന്ന പണി നടക്കുന്നു, അതുകൊണ്ടു ഇടക്കിടയ്ക്ക് മെല്ലെ മെല്ലെയെ പോകാന്‍ കഴിയൂ. എന്നാലും ഗ്രാമ ഭംഗി ആസ്വദിച്ചു യാത്ര തുടര്‍ന്നു. ചില സ്ഥലങ്ങളില്‍ അര്‍ദ്ധ നഗ്നരായ കരുമാടിക്കുട്ടന്മാര്‍ ബസിനു കൈ കാ ണിക്കുന്നുമുണ്ട്    ഭീകരന്മാരായിരുന്നു എന്കിലും ഖമര്‍ രൂഷിന്റെ നേതാക്കള്‍ എന്തുകൊണ്ട് ഒരു കാര്‍ഷിക സോഷ്യലിസം കമ്പോഡിയയില്‍ കൊണ്ടു വരാന്‍  ശ്രമിച്ചു എന്ന് വ്യക്തമായി. കൂടുതലും  കൃഷി സ്ഥലങ്ങള്‍ റോഡിന്റെ രണ്ടു വശത്തും, വയലിനെ രണ്ടായി മുറിക്കുന്ന നാട പോലെ ഹൈവേ കടന്നു പോകുന്നു. മേക്കോണ്‍ നദിയുടെയും ടോണ്‍ ലെ സാപ് തടാകത്തിലെയും വെള്ളം ധാരാളം കിട്ടുന്നു. നല്ല ഫലഭൂയിഷ്ടമായ ഭൂമി. നെല്ലും ചോളവും എല്ലാം കൃഷി ഉണ്ട്. ചെറിയ ചാറ്റല്‍ മഴയും കൂടി ആയപ്പോള്‍ ഞങ്ങളുടെ കുട്ടനാട്ടില്‍ എത്തിയ പ്രതീതി.
ഇടക്ക് ഒരിടത്ത്  നിര്‍ത്തി, നമ്മുടെ കെ എസ ആര്‍ ടി സി ബസ്‌  ചായ കുടിക്കാന്‍ നിറുത്തുന്നത് പോലെ. അമേരിക്കയിലെ മക്ടോണാള്‍ഡും കെ എഫ സി യും ഉള്ള റസ്റ്റ്‌ റൂം അല്ല, പഞ്ജാബിലെ ഒരു ധാബാ പോലെ ഓലകൊണ്ടു മറച്ച ഒരു വലിയ ഷെഡ്‌. അതിനകത്ത് മിക്കവാറും എല്ലാതരം വാണിഭവും ഉണ്ട്, ചായ , പഴങ്ങള്‍ , ഉണക്ക മത്സ്യം എന്നിങ്ങനെ ഏതായാലും വാഴപ്പഴവും രംപുട്ടാനും  വാങ്ങി, ചുറ്റും നോക്കിയപ്പോള്‍ ചില പ്രത്യേക വിഭവങ്ങള്‍ കണ്ടു, അല്പം കാര്യമായി നോക്കിയപ്പോള്‍ ആണ് മനസ്സിലായത്‌ .നല്ല കരുകരെ വറത്ത ഏകദേശം ഒരിഞ്ചു നീളമുള്ള  പുഴുക്കള്‍ എണ്ണയില്‍ വറുത്തതു , ആള്‍ക്കാര്‍ കടല കൊറിക്കുന്നത് പോലെ വാങ്ങി കൊറിക്കുന്നു, മറ്റൊന്ന് വെട്ടുക്കിളികള്‍ ( പുല്‍ച്ചാടികള്‍ പോലെ) പോലെയുള്ള ഒരു സാധനവും (Locust fry) വറത്തുവച്ചിരിക്കുന്നു. പാമ്പിനെ മാത്രം കണ്ടില്ല , അത് ഓര്‍ഡര്‍ അനുസരിച്ച് മാത്രം പാകം ചെയ്യുന്ന സാധനം ആണോ എന്തോ. ഏതായാലും സ്ത്രീ ജനങ്ങള്‍ കണ്ടു ബസില്‍ വച്ചു  ചര്‍ദിക്കാതിരിക്കാന്‍ വേഗം വണ്ടിയില്‍  കയറി.

പോകുന്ന വഴി റോഡരുകില്‍ നാല് കാലിന്മേല്‍ ഒരു വലയും താഴെ ഒരു വലിയ പാത്രത്തില്‍ വെള്ളവും വച്ചിരിക്കുന്നു, ഇതെന്തു പരിപാടി വായുവില്‍ നിന്ന് മീന്‍ പിടിക്കുന്ന പരിപാടിയോ എന്ന് സംശയിച്ചിരുന്നപ്പോള്‍ നമ്മുടെ നേതാവ് പറഞ്ഞു അത് മുമ്പ് കണ്ട വെട്ടുക്കിളിയെയും മറ്റും പിടിക്കാനുള്ള ഉപകരണമാണ് എന്ന്. വലയില്‍ കുടുങ്ങിയ വെട്ടുക്കിളി വെള്ളത്തില്‍ വീഴുന്നു അത്തില്‍ നിന്ന് രക്ഷപെടാന്‍  കഴിയുകയില്ല, രാവിലെ സൗകര്യം പോലെ ചെന്നെടുത്താല്‍ മതി. ഈയാംപാറ്റപോലെയുള്ളവ ആണെങ്കില്‍ ചിറകും പോയി കിട്ടിയിരിക്കും.

ആറു മണിക്കൂര്‍ എന്ന് കരുതിയ യാത്ര എട്ടു മണിക്കൂറിലധികം എടുത്തു സീം റീപ്‌ എന്ന പട്ടണത്തില്‍ എത്തി. ടൂറിസ്റ്റ്‌കേന്ദ്രമായ ആന്ഗ് കോര്‍ വാട്ടിന് ഏറ്റവും അടുത്തുള്ള പട്ടണമാണിത്. ഹോട്ടലിലേക്ക് പോകുന്നതിനു മുമ്പ് ഭക്ഷണം കഴിക്കാന്‍ ഒരു ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ എത്തി, കറിഹൗസ്‌ എന്ന പേരില്‍ അറിയപ്പെടുന്നതു. നല്ല ഭക്ഷണം ചൂടോടെ കഴിച്ചു ഹോട്ടലിലെത്തി,  നോം പെന്നിലെ ഹോട്ടലില്‍ മൂന്നാം നിലയിലേക്കുള്ള കയറ്റം ഓര്‍മിച്ചു ആദ്യത്തെ നിലയില്‍ തന്നെ മുറി വാങ്ങി, ചെറുതെങ്കിലും വൃത്തിയുള്ള മുറി ടി വി യും ഏ സി യും വൈ ഫി യും ഉണ്ട്, നീണ്ട യാത്ര കൊണ്ടുള്ള ക്ഷീണത്തില്‍ പെട്ടെന്ന് ഉറങ്ങി. നാളത്തെ കാഴ്ചകളും സ്വപ്നം കണ്ടു കൊണ്ടു.

14: ടോന്ലെ സാപ് തടക്കം ഒഴുകുന്ന ഗ്രാമങ്ങളും

13:അപ്സര നൃത്തം

കംബോഡിയയിലെ   ക്ലാസിക്കല്‍  നൃത്തരൂപമായ   അപ്സരയെപ്പറ്റി   പറയാതെ   , കാണാതെ  ഒരു കംബോഡിയന്‍  യാത്ര പൂര്ണമാവുകയില്ല. ഞങ്ങളുടെ  ഭാഗ്യത്തിന്   രണ്ടാം ദിവസം പ്നോം പെന്നില്‍  വച്ച് തന്നെ അതിനു അവസരം ഉണ്ടാവുകയും ചെയ്തു.
ആന്ഗ്കൊര്‍ ക്ഷേത്രം  നിര്‍മ്മിച്ച കാലത്തെ, അതായത് 8 മുതല്‍ 12 വരെ നൂറ്റാണ്ടു  കാലത്തെ കലാരൂപമാണ് അപ്സര നൃത്തം. അന്നത്തെ   കംബോഡിയായിലെ  ഏതൊരു പെണ്‍കുട്ടിയുടെയും  മോഹം ആയിരുന്നു  ആന്ഗ്  കോര്‍ ക്ഷേത്രത്തില്‍  നൃത്തം ചെയ്യുക  എന്നത്. എന്നാല്‍   ക്ഷേത്രങ്ങള്‍   മദ്ധ്യരേഖാവനങ്ങള്‍  കയ്യേറിയത് പോലെ തായ്ലന്ടു, വിയറ്റ്നാം  രാജ്യങ്ങളുടെ   ആക്രമണത്തില്‍ ഈ  കലയ്ക്കും അപചയം സംഭവിച്ചു എന്നത്  സത്യമാണ്.  എഴുപതുകള്‍ക്കു  മുമ്പ്   ഈ കലയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍  തുടങ്ങി എങ്കിലും   ഖമര്‍  രൂഷിന്റെ  പ്രായോഗിക  വാദത്തില്‍  ഇവ നിര്‍ദ്ദയം ഉപേക്ഷിക്കപെട്ടു.

അപ്സര നൃത്തത്തിന്റെ  പുനരുജ്ജീവനം
1940 കളില്‍  രാജാവ്  നരോദം സുരമാരുത്തിന്റെ ഭാര്യ   രാജ്ഞി   ശിശോവത് കൊസോമാക് വത്താനയാണ് ഈ നൃത്തരൂപത്തെ   പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്.  രാജ്ഞി   കമ്പോഡിയായിലെ  ഒരു പ്രൈമറി സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ  കുട്ടികള്‍ അവതരിപ്പിച്ച  പഴയ രൂപത്തില്‍ ഉള്ള അപ്സര നൃത്തം  കാണുകയുണ്ടായി. ഇത് കണ്ടാണ്‌  രാജ്ഞി  കംബോഡിയായുടെ   പ്രാചീന കലാരൂപം  ആയ ഈ നൃത്തം പുനര്‍ നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും വേണ്ട പ്രോത്സാഹനം നല്‍കിയത്. അവരുടെ കൊച്ചു മകളായ നരോദം ബഫാ ദേവി രാജകുമാരി  ഈ നൃത്തത്തില്‍ ആകൃഷ്ടയായി  ആദ്യകാലത്തെ  ഒരു പ്രൊഫഷണല്‍ നര്‍ത്തകിയും  വിദുഷിയുമായി. അഞ്ചു വയസ്സ് ആയപ്പോള്‍ മുതല്‍  ഈ നൃത്തം  പഠിച്ചു വന്ന ഈ കുട്ടി നരോദം  രാജാവിന്റെ ഭരണകാലത്ത് 1967 ല്‍  രാജാവിന്റെ  പ്രത്യേക  അംഗീകാരത്തിനും  പ്രശംസയ്ക്കും  പാത്രമായി.   രത്നങ്ങളും  സില്‍ക്ക്  വസ്ത്രങ്ങളും മറ്റും ധരിച്ചു  അരങ്ങത്തു   വന്നു  നൃത്തമാടിയ  രാജകുമാരി കാണികളുടെ പ്രശംസക്ക്  പാത്രമായി.  ഈ രാജകുമാരി  അവളുടെ  നൃത്ത  സംഘവുമായി ലോകത്തിലെ  പലയിടങ്ങളിലും  അപ്സരനൃത്തം  അവതരിപ്പിച്ചു.    

അപ്സര നര്ത്തകികളുടെ   വേഷ വിധാനം

ആന്ഗ്  കോര്‍  ക്ഷ്ത്രത്തിലെ  ചുവര്‍ ചിത്രങ്ങളിലുള്ള  നര്ത്തകികളുടെ   വേഷ വിധാനങ്ങളാണ്   ഇവര്‍ ഉപയോഗിക്കുന്നത്. പുരാണ കാലത്തെ ദേവതകളുടെ  രൂപവും ഭാവവും ആണ്  നര്‍ത്തകികള്‍  പകര്ത്തുന്നത്. വളരെയധികം ചിത്ര വേലകള്‍ ചെയ്ത  സില്‍ക്ക് വസ്ത്രം ധരിക്കുന്നു. തലയില്‍ അഞ്ചു  മുനകളും രണ്ടു നിരയായി ഗോളാകൃതിയിലുള്ള ചില രൂപങ്ങളും കോര്‍ത്തിണക്കിയ ഒരു കിരീടം ആണ് പ്രധാന  നര്‍ത്തകി അണിയുന്നത്‌.  കൂടെയുള്ള  സഹായ നര്‍ത്തകികള്‍  മൂന്നു മുനയുള്ള  കിരീടവും ഒരു നിരയിലുള്ള ഗോളരൂപങ്ങളും ഉള്ള  കിരീടം ആയിരിക്കും  അണിയുന്നത് ആധുനിക  അപ്സര നൃത്തത്തില്‍  ഇത് ചെറിയ വ്യത്യാസം വരുത്തി വരുന്നു.. 


 .മറ്റു സഹായക ഉപകരണങ്ങള്‍
ചുവന്ന നിറത്തില്‍  ചിത്രപ്പണി ചെയ്ത ഒരു കോളര്‍ വേഷത്തിലെ പ്രത്യേകതയാണ്. കഴുത്തിന്റെ  തൊട്ടു താഴെ സ്വര്‍ണ നിറത്തിലുള്ള ചെമ്പു ആഭരണങ്ങള് മുത്തുകള്‍ പോലെ  ഉണ്ടാക്കിയിരിക്കും. ഇതിന്റെ താഴെയും ഒന്നോ രണ്ടോ നിര ചെമ്പു ആഭരണങ്ങള്‍ വളഞ്ഞ കുന്തത്തിന്റെ  ആകൃതിയില്‍  കാണാം. മിന്നുന്ന ആഭരണങ്ങള്‍ ചെവിയിലുണ്ടാവും. ചിലപ്പോള്‍ ചെവിയിലെ ആഭരണം ഒരു വലിയ പൂവിന്റെ  രൂപത്തിലാവും. കയ്യിലും വിവിധ തരത്തിലുള്ള  ആഭരണങ്ങള്‍ അണിയുന്നു. ബ്രെസ്ലെറ്റ് പോലെയുള്ളതാണ് കൂടതല്‍  സാധാരണം. വേറെ  മൂന്നു തരത്തിലും  ഉണ്ട്. കയ്യില്‍  വലിയ മരം കൊണ്ടു നിര്‍മ്മിച്ച  വലിയ  മുത്തുകള്‍  പോലെയുള്ള  ബ്രെയ്സേലെടും ധരിക്കുന്നു. ചിലപ്പോള്‍ അപ്സര നര്‍ത്തകി  മുല്ലപ്പൂ കൊണ്ടുള്ള ഒരു മാലയും ധരിക്കറണ്ട് .

നൃത്തത്തിലെ ചലനങ്ങള്‍   നമ്മുടെ   ഭാരതനാട്യത്തിലെപ്പോലെ   ചടുലമല്ല, വളരെ നിയന്ത്രിതവും താള നിബദ്ധവും  ആണ്, ഒരു പക്ഷെ ഇക്കാര്യത്തില്‍ നമ്മുടെ  ഒഡിസ്സി പോലുള്ള നൃത്തവും ആയിട്ടായിരിക്കും സാമ്യം എന്ന് തോന്നുന്നു. വിരലുകളുടെ  ചലനത്തിന്  പ്രത്യേക പരിശീലനം ആവശ്യമായി വരുന്നു. വളരെക്കാലത്തെ  സാധനകൊണ്ട്‌ മാത്രമേ  ഇത്  കൈവശം ആവുകയുള്ളൂ.

ഞങ്ങള്‍  പ്നോം പെന്നില്‍ താമസിച്ച രണ്ടാം ദിവസമാണ്  അടുത്തുള്ള  ഒരു ഹോട്ടലില്‍  വൈകുന്നേരം  ഏഴു മണിക്ക്   അപ്സര  നൃത്തവും ഡിന്നറും  ഉള്‍പ്പെടെയുള്ള ഒരു പാക്കേജ്  ഞങ്ങള്‍ക്ക് വേണ്ടി  ബുക്ക് ചെയ്തിരുന്നു.  ആദ്യം നൃത്തം,  പിന്നീട്  ഭക്ഷണം. അതായത്  ഭക്ഷണവും നൃത്തവും  ഒരുമിച്ചല്ല  എന്നര്‍ത്ഥം.  പവിത്രമായ  ഈ ക്ഷേത്രകലയെ   ഭക്ഷണം കഴിച്ചു  കൊണ്ടിരിക്കുമ്പോള്‍  അവതരിപ്പിക്കുന്നതിന്റെ  അപാകത  അവര്‍ മനസിലാക്കിയിരിക്കുന്നു.
ഞങ്ങള്‍  കണ്ടത്  അവതരണ  രംഗം കഴിഞ്ഞു  രാമായണത്തില്‍  സീത  രാവണന്റെ രാജകൊട്ടാരത്തില്‍   പൂന്തോട്ടത്തില്‍   ശ്രീരാമനെ ഓര്‍ത്തു  സങ്കടപ്പെട്ടിരിക്കുമ്പോള്‍   ഹനുമാന്‍  അവിടെ എത്തുന്നതും  താന്‍ ശ്രീരാമ ദൂതനാണെന്നു   സീതാ ദേവിയോട് സ്വയം പറഞ്ഞു  അനുഗ്രഹം വാങ്ങിന്നതും മറുപടിയായി  അടയാളം വാങ്ങി    സീതയുടെ  കൂടെയുള്ള രാക്ഷസികളെ  ഭയപ്പെടുത്തി  ഓടിക്കുന്നത് മറ്റുമാണ് രംഗം.  ഹനുമാന്‍ തന്റെ വാനരസ്വഭാവം കുറെ കൂടുതല്‍ സമയം  കാണിച്ചുവോ എന്ന് തോന്നി. നമ്മുടെ നൃത്തരൂപത്തെ  അപേക്ഷിച്ച്  അത്ര  സൂക്ഷ്മം അല്ല എന്ന് തോന്നിയെങ്കിലും  അവരുടെ നൃത്ത  ചലനങ്ങള്‍ വളരെ  ഹൃദ്യമായി തോന്നി.  എങ്കിലും  .  അവസാന രംഗം നമ്മുടെ  നാട്ടിലെ  കൃഷിക്കാരുടെ പോലെ ഒരു നാടോടി  നൃത്തം പോലെ തോന്നിച്ചു.  അവിടെ  കുട്ടനാട്ടിലെ  കൊഞ്ച് പിടിക്കുന്ന ഒറ്റാല്‍ പോലെയുള്ള  ഒരു ഉപകരണം വച്ച് മത്സ്യം പിടിക്കുന്നതും  സ്തീകള്‍  വിത്ത് വിതയ്ക്കുനതും ഞാറു നടുന്നതും ഒക്കെ  കാണിച്ചു, നൃത്തത്തിന് കൂടെ  കംബോഡിയായിലെ തന്നെ പാരമ്പര്യ സംഗീത ഉപകരങ്ങള്‍  തന്നെയാന്‍ ഉപയോഗിക്കുന്നത്.  എതായാലും നമ്മുടെ കൂട്ടത്തില്‍  ഉണ്ടായിരുന്ന  നര്ത്തകിയുടെ   വിദഗ്ദ്ധാഭിപ്ര്രായം   രേഖപ്പെടുത്താന്‍  മാത്രം കഴിഞ്ഞില്ല. സ്റ്റില്‍ ക്യാമെറായില്‍  ചിത്രം  എടുക്കാന്‍ കഴിഞ്ഞില്ല ചില പ്രധാന രംഗങ്ങളുടെ വിഡിയോ ക്ലിപ്പുകള്‍  എടുത്തത്  യുട്യുബില്‍ ഇട്ടതിന്റെ ലിങ്ക്  ഇവിടെ കൊടുക്കുന്നു. ചില ചിത്രങ്ങള്‍    വിക്കിപ്പീടിയായില്‍  എടുത്തതും  ഇവിടെ കൊടുക്കുന്നു
1.    അവതരണം രംഗം :https://youtu.be/hYbS0bL1mSc
2.    ഹനുമാന്‍ https://youtu.be/dRqgKfTeN2I
3.    സീതhttps://youtu.be/Jl4KyO_iRUQ
4.    സംഘനൃത്തം https://youtu.be/MYqTC9qZaQw
5.    കര്‍ഷകരുടെ നൃത്തം : https://youtu.be/Fj0BQypjb-o
Reference


12: ബുദ്ധ വിഅഹ്ഹരവും താ പ്രോം ക്ഷേത്രവും

12: ബഫുവോന്‍ ക്ഷേത്രം

11: ആണ്ഗ് കോര്‍ തോം

9: ആണ്ഗ് കോര്‍ തോം

മഹത്തും ബ്രുഹത്തും ആയ ആന്ഗ് കോര്‍ വാട്ട് ക്ഷേത്രം കണ്ടതിന്റെ അടുത്ത ദിവസം രാവിലെ ആണ് ആന്ഗ് കോര്‍ തോം എന്ന ജയവര്‍മന്‍ VII രാജാവിന്റെ തലസ്ഥാന ക്ഷേത്രത്തിലേക്ക് പോയത്



 ഈ ക്ഷേത്രത്തിന്റെ പ്രത്യേകത വലുതും ചെറുതുമായ ബുദ്ധ പ്രതിമകളുടെ എണ്ണമാണ്. ആന്ഗ് കോര്‍ തോം ഒരു സമചതുരാകൃതിയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ വശങ്ങള്‍ തെക്ക് വടക്കും കിഴക്ക് പടിഞ്ഞാറുമായി നിര്‍മ്മിച്ചിരിക്കുന്നു. ചുറ്റുമതിലിന്റെ കേന്ദ്രത്തിലാണ് ബയാന്‍ ക്ഷേത്രം ഭൂമിയും സ്വര്‍ഗവുമായി ഈ ക്ഷേത്രം ബന്ധപ്പെടുത്തുന്നു എന്നാണു വിവക്ഷ. ഭീമാകാരമായ കല്ലില്‍ നിര്‍മ്മിച്ച പ്രതിമകളാണിവിടതത്തെ മുഖമുദ്ര. ബോധി സത്വന്റെ ( അവലോകിതേശ്വരന്‍ ) ആണെന്ന് കരുതുന്ന ഈ പ്രതിമകളുടെ ഒരു മുഖം പുറത്തേക്ക് ഓരോ ദിശയിലേക്കും നോക്കുന്ന രീതിയില്‍ നിര്മ്മിച്ചിരിക്കുന്നു. ചെറിയ ഒരു പുഞ്ചിരിയോട്‌ കൂടിയുള്ള ഈ പ്രതിമകള്‍ ഇത് നിര്‍മ്മിച്ച ജയവര്‍മ്മ രാജാവിന്റെ തന്നെ മുഖവുമായി വളരെ സാദൃശ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഏഷ്യയിലെ മോണാ ലിസ എന്ന് വരെ വിളിക്കപ്പെടുന്ന ഇത്തരം പ്രതിമകള്‍ ഇപ്പോള്‍ 51 എണ്ണം ഉണ്ട്. ഇവയ്ക്കെല്ലാം നാല് മുഖങ്ങളും ഉണ്ട്.

 ഏ ഡി12 നൂറ്റാണ്ടിന്റെ അവസാനം തുടങ്ങി 13 ആം നൂറ്റാണ്ടിന്റെ ആദ്യകാലത്തില്‍ പണി തീര്‍ത്ത ക്ഷേത്രമാണിത്. ജയവര്‍മന്‍ ഏഴാമന്റെ തലസ്ഥാനത്തെ ഔദ്യോഗിക ക്ഷേത്രമായിരുന്നു .ജയ വര്‍മന്‍ VII മഹായാന ബുദ്ധമത അനുയായി ആയിരുന്നു. രാജ്യത്തിന്റെ ഒത്ത നടുവിലാണ് ഈ ക്ഷേത്രം പണി തീര്‍ത്തത്. ജയവര്‍മ്മന്റെ മരണ ശേഷം ഈ ക്ഷേത്രത്തില്‍ പിന്നീട് വന്ന ഹിന്ദുതെരാവാദ ബുദ്ധ മതാനുയായികള്‍ അവരവരുടെ ഇഷ്ടം പോലെ മതപരമായ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തി. ബയാന്‍ ക്ഷേത്രത്തിന്റെ സവിശേഷത ചിരിച്ചുകൊണ്ടിരിക്കുന്ന അനേകം പ്രതിമകള്‍ ആണ്. വിവിധ തട്ടുകളില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്നു ഈ മുഖങ്ങള്‍ .

 ഈ ക്ഷേത്രത്തിന്റെ ചുറ്റും ഉള്ള മതിലുകളില്‍ ചരിത്ര വസ്തുതകളും പുരാണ കഥകളും പൊന്തി നില്‍ക്കുന്ന ശില്പ രൂപത്തില്‍(Bas relief) നിര്‍മ്മിച്ചിരിക്കുന്നു. 1.2 കി മീ നീളം ഉള്ള ഭിത്തിയില്‍ 11000 ശില്പങ്ങള്‍ ഉണ്ട്. ഉണ്ടാക്കിയ കാലത്ത് ചായം പൂശി കല്ലുകള്‍ പിടിപ്പിച്ചു ഭംഗിയാക്കിയിരുന്നു എങ്കിലും ഇന്ന് അവയെല്ലാം മാഞ്ഞു പോയിട്ടുണ്ട്. ഇവ മൂന്നു തട്ടുകളിലായാണ് കാണപ്പെടുന്നത്. ഒന്നാം നിലയില്‍ 12 ആം നൂറ്റാണ്ടിലെ കംബോഡിയായിലെ സാധാരണ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം നിലയിലെ ചിത്രങ്ങള്‍ അത്ര കൂടുതല്‍ ഇല്ലഅവയില്‍ പലതും മാഞ്ഞു പോയിരിക്കുന്നു. ഒന്നാം നിലയിലെ ശില്പങ്ങളില്‍ ചിലവയെക്കുറിച്ച് താഴെ പറയുന്നു



 വിയറ്റ്നാമില്‍ കുടിയേറി പാര്‍ത്തിരുന്ന ചാംസ് ( ചമ്പ) വര്‍ഗകാര്‍ കമ്ബോഡിയാ ആക്രമിച്ചിരുന്നു. അവരെ തുരത്തിയോടിക്കുന്ന ദൃശ്യങ്ങളാണിവിടെ കാണുന്നത്. കിഴക്കേ ഗെയ്റ്റില്‍ കൂടി കയറിയാല്‍ തെക്ക് ഭാഗത്തായി മൂന്നു നിലയില്‍ ആണ് ശില്പങ്ങള്‍. ഒന്നാം നിലയില്‍ കംബോഡിയന്‍ പടയാളികള്‍ ആനകളെയും കാള വണ്ടികളും മുന്നോട്ടു കൊണ്ടു വന്നു യുദ്ധസന്നദ്ധരാക്കുന്നു. ഇവയില്‍ പലതും ഇന്നും ഇവിടെ കാണുന്നരീതിയില്‍ തന്നെയാണ്. രണ്ടാം നിലയില്‍ യുദ്ധത്തില്‍ മാരിച്ച പടയാളികളുടെ ശരീരങ്ങള്‍ പെട്ടിയില്‍ ആക്കി കൊണ്ടു പോകുന്നത് കാണാം. മൂന്നാം നിലയുടെ മദ്ധ്യ ഭാഗത്ത്‌ രാജാവ് ജയവര്‍മ്മന്‍ VII കുതിരപ്പുറത്തു മുത്തുക്കുടയുടെയും പരിവാരങ്ങളുടെയും അകമ്പടിയോടു കൂടി എഴുന്നള്ളുന്നതും ചിത്രീകരിച്ചിരിക്കുന്നു.


 തെക്ക് കിഴക്കേ ഭാഗത്തുള്ള ഭിത്തിയില്‍ ആദ്യത്തെ നിലയില്‍ ഹിന്ദുക്കള്‍ ശിവ ലിംഗം പൂജിക്കുന്നത് കാണിക്കുന്നു. ഒരു പക്ഷെ ഇത് ആദ്യം ഒരു ബുദ്ധ പ്രതിമ ആയിരുന്നിരിക്കാം. ഹിന്ദുക്കള്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ രൂപാന്തരം വരുത്തിയതാകാം എന്നും കരുതപ്പെടുന്നു.
 തൊട്ടടുത്ത പാനലില്‍ ഒരു കടല്‍ യുദ്ധമാണ്. കംബോടിയാക്കാരും ചാംസും തമ്മില്‍. ചാംസ് തല തുണി കൊണ്ടു മൂടിയിരിക്കുന്നു. ഇതോടൊപ്പം തന്നെ ടോന്ലെ സാപ് തടാകത്തിനു ചുറ്റും ഉള്ള സാധാരണ ജീവിതവും ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ നാട്ടിന്‍പുറത്ത് കാണുന്നത് പോലെ സ്ത്രീകള്‍ തലയില്‍ നിന്ന് പേന്‍ കൊല്ലുന്നതും നായാട്ടുകാരും എന്തിനു ഒരു സ്ത്രീ പ്രസവിക്കുന്നത് വരെ ഉണ്ട് ഇവിടെ.

 അടുത്ത പാനലില്‍ വീണ്ടു ചാംസുമായുള്ള യുദ്ധം ആണ്ഇത്തവണ കടല്‍ തീരത്താണ് എന്ന് മാത്രം. ഇതോടൊപ്പം സാധാരണ ജീവിതത്തിന്റെ ചിത്രങ്ങളും. ഉദാഹരണത്തിന് രണ്ടു പേര്‍ ചതുരംഗം കളിക്കുന്നുസ്ത്രീകള്‍ മത്സ്യം വില്‍ക്കുന്നു ഭക്ഷണം പാകം ചെയ്യുന്നുവിളമ്പുന്നു.
                        മിലട്ടറി പരേഡ്
 അടുത്ത് കാണുന്നത് ഒരു പട്ടാള മാര്ച് ആണ്പൂര്‍ണമായിട്ടില്ല എന്ന് തോന്നുന്നു എങ്കിലും ഇവിടെയും ആനയും മറ്റും യുദ്ധത്തിനു സജ്ജമാക്കി നീക്കുന്നു. രണ്ടു ബ്രാഹ്മണരെ ഓരോ കടുവ ഓടിച്ചു മരത്തില്‍ കയറ്റിയതും ചിത്രീകരിച്ചിരിക്കുന്നു.
  ആള്‍ക്കാര്‍ സംഘങ്ങളായി തിരിഞ്ഞു പോരാടുന്നതാണിവിടെ . ആനകളും മറ്റും പോലും ഇതില്‍ പന്കെടുക്കുന്നതും കാണിച്ചിരിക്കുന്നു.
 അടുത്ത പാനലില്‍ ആഭ്യന്തര യുദ്ധത്തിന്റെ തീവ്രത കുറഞ്ഞിരിക്കുന്നു. ഒരു വലിയ മത്സ്യം ഒരു കലമാനെ വിഴുങ്ങുന്നതും കൊഞ്ചുപോലെയുള്ള ചെറു മത്സ്യങ്ങളും കാണാം. ഇതിന്റെ താഴെ ഒളിവില്‍ പോയ അക്രമികളെ തിരിച്ചു കൊണ്ടു വരുമെന്നുള്ള രാജാവിന്റെ പ്രഖ്യാപനവും കാണാം.
    വടക്ക് ഭാഗത്തെ മതിലിന്റെ പടിഞ്ഞാറെ അറ്റത്ത് നഗരത്തില്‍ എത്തുന്ന ഒരു സര്‍ക്കസ് സംഘത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഭീമാകാരന്‍ കുള്ളന്മാരെ നിയന്ത്രിക്കുന്നുമറ്റൊരാള്‍ ഒരു വലിയ പമ്പരം കാലു കൊണ്ടു കറക്കുന്നുമുകളില്‍ വലിച്ചു കെട്ടിയ കയറില്‍ കയറി ട്രപീസ് കളിക്കുന്നു മറ്റു ചിലര്‍ എന്നിവ . ഇതെല്ലാം കണ്ടു കൊണ്ടു രാജാവ് ഒരു വശത്ത് പരിവാരങ്ങളുടെ കൂടെ നില്‍ക്കുന്നു.
 ഇവിടെ ആണ്ഗ് കോരരിന്റെ പതനത്തില്‍ കലാശിച്ച 1177ലെ യുദ്ധം ആണ് കാണിച്ചിരിക്കുന്നത്. മുറിവേറ്റ രാജാവിനെ ആനപ്പുറത്ത് നിന്ന് താഴോട്ടിറക്കുന്നത്യുദ്ധത്തില്‍ പരുക്ക് പറ്റിയ പട നായകന്മാരെ ഒരു ഉയര്‍ന്ന മുളയില്‍ കെട്ടിയ തൊട്ടിലില്‍ തൂക്കി ഇട്ടിരിക്കുന്നു. കാണിച്ചിരിക്കുന്നു. ഇതിന്റെ മറ്റൊരു ഭാഗത്ത്‌ തോറ്റോടിയ ഖമരുകള്‍ മദ്യപിക്കുന്നതും ചാംസ് അവരെ ഓടിക്കുന്നതും കാണാം താല്‍ക്കാലികമായി പരാജയപ്പെട്ടെങ്കിലും 1181 ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ചാംസ് തോറ്റൊടുന്നതും കാണാം
 ജപ്പാന്റെ ധന സഹായത്തോടെ പുനരു:ദ്ധാരണം നടന്നു കൊണ്ടിരിക്കുന്ന ഈ ക്ഷേത്രം കംബോഡിയായിലെ പഴയ കാലത്തെ ഒരു പ്രത്യേക ശില്പ രീതിയിലെ അവസാന കണ്ണിയായി കരുതാം.







8: ആന്ഗ് കോര്‍ വാട്ട്

ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വരെ കയറി ചുറ്റുപാടും കണ്ട ശേഷം താഴെയിറങ്ങി ചുറ്റും ഉള്ള ഗാലറികളിലെ ശില്പങ്ങള്‍ ഒന്നോടി നടന്നു കണ്ടു. കുരുക്ഷേത്ര യുദ്ധത്തിലെ രംഗങ്ങള്‍, പാലാഴി മഥനംരാമരാവണയുദ്ധംസ്വര്‍ഗ നരകങ്ങളും നരകത്തില്‍ പാപികളെ തിളച്ച എണ്ണയില്‍ മുക്കുന്നതും എല്ലാം കണ്ടു അത്ഭുതപ്പെട്ടു. സൂര്യ വര്‍മരാജാവിന്റെ യുദ്ധ വിജയവും അക്രമികള്‍ ബോട്ടില്‍ വന്നു നടത്തിയ യുദ്ധവും അവരെ തോല്പ്പിച്ചോടിച്ചതും എല്ലാം വിശദമായി കാണാന്‍ തന്നെ ഒന്നോ രണ്ടോ ദിവസം മതിയാവുകയില്ല. എങ്കിലും അവയെപ്പറ്റി സംക്ഷിപ്തമായി പറയാതെ വയ്യ.

ഇവിടെ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ പ്രധാനമായവ താഴെ കൊടുക്കുന്നവയാണ്.

1. കുരുക്ഷേത്ര യുദ്ധം

ചിത്രങ്ങള്‍ ആലേഖനം ചെയ്ത ദക്ഷിണ ഭാഗത്തെ ചുമരില്‍ ആണ് കുരുക്ഷേത്ര യുദ്ധത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഉത്തര ഭാഗത്ത്‌ നിന്ന് കൌരവരും ദക്ഷിണ ഭാഗത്ത്‌ നിന്ന് പാണഡവരും യുദ്ധസന്നദ്ധരായി അഭിമുഖമായി മുന്നേറുന്നു. അവര്‍ തമ്മില്‍ നടക്കുന്ന പൊരിഞ്ഞ യൂദ്ധമാണു ചിത്രീകരിച്ചിരിക്കുന്നത്. ഏറ്റവും താഴത്തെ നിലയില്‍ കാലാള്‍പ്പടയും അതിനു മുകളില്‍ ആയി ആനപ്പുറത്ത് ഇരുന്നു യുദ്ധം ചെയ്യുന്ന നേതാക്കളും അതിന്റെ മുകളില്‍ പടനായകന്മാരും യുദ്ധം ചെയ്യുന്നു. യുദ്ധത്തില്‍ മുറിവേറ്റ ഒരു മുഖ്യന്റെ ചുറ്റും സങ്കടപ്പെട്ടു നില്‍ക്കുന്ന കുടുംബാംഗങ്ങളും മറ്റു പടയാളികളും ഒരു പ്രധാന രംഗമാണ്. മറ്റൊരു രംഗത്തില്‍ ആനപ്പുറത്തിരിക്കുന്ന മുറിവേറ്റ ഒരു നായകന്‍ തോല്‍വി സമ്മതിച്ച രംഗവും മറ്റൊന്നില്‍ ആനപ്പുറത്ത് നിന്ന് മുറിവേറ്റ ഒരു ഭടന്‍ താഴോട്ടു വീഴുന്ന രംഗവും ചിത്രീകരിച്ചിരിക്കുന്നു. കാലാകാലങ്ങളില്‍ വന്ന മാറ്റങ്ങള്‍ കൊണ്ടു അനേകം സന്ദര്‍ശകരുടെ കൈപ്പാടും കൊണ്ടു ചില ചിത്രങ്ങള്‍ കറുത്ത മാര്‍ബിള്‍ കൊണ്ടു നിര്‍മ്മിച്ചപോലെ നിറഭേദം വന്നിരിക്കുന്നു. തെക്ക് പടിഞ്ഞാറു ഭാഗത്ത്‌ രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളെയാണ് ശില്പ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.




2. സൂര്യ വര്‍മ്മന്റെ യോദ്ധാക്കള്‍.
ദക്ഷിണഗാലറിയുടെ പശ്ചിമ ഭാഗത്ത്‌ വിജയ ശ്രീലാളിതരായ സൂര്യവര്‍മ്മന്‍ ചക്രവര്ത്തിയുടെ പടയാളികളെയാണ് ചിത്രീകരിച്ചി രിക്കുന്നത്. സൂര്യവര്‍മ്മന്‍ രണ്ടാമന്‍ സ്വയം ഒരു ആനയുടെ പുറത്തു യുദ്ധം നയിച്ച്‌ നില്‍ക്കുന്നു. പടച്ചട്ട അണിഞ്ഞ രാജാവിന്റെ രൂപം 15 മുത്തുക്കുടകളുടെയും ആലവട്ടത്തിന്റെയും അകമ്പടിയോടെ ആണ്  നില്‍ക്കുന്നത്. ഉത്തരഗാലറിയില്‍ ഉള്ള ശ്രീരാമന്റെ രൂപവുമായി സൂര്യവര്‍മ്മ രാജാവിന്റെ രൂപത്തിനുള്ള സാദൃശ്യം യാദൃശ്ചികമാവാന്‍ വഴിയില്ല. ഈ ഗാലറിയുടെ തന്നെ മറ്റൊരു ഭാഗത്ത്‌ തായ്ലന്റില്‍ നിന്ന് വന്ന ആക്രമണകാരികളുമായി യുദ്ധം ചെയ്തു അവരെ തോല്‍പ്പിച്ചോടിക്കുന്നതും കാണിക്കുന്നു. തായ് പടയാളികളെ അവരുടെ പ്രത്യേക വസ്ത്രങ്ങളില്‍ നിന്നും ഉപയോഗിക്കുന്ന ആയുധങ്ങളില്‍ നിന്നും പ്രത്യേകം തിരിച്ചറിയുന്ന വിധത്തില്‍ ആണ് .പ്രത്യേക പടച്ചട്ടയും മുട്ടുവരെ മാത്രം ഇറക്കമുള്ള പാവാട പോലെയുള്ള വസ്ത്രവും കാണാം. സൂര്യ വര്‍മ്മന്‍ സൂക്ഷിച്ചിരുന്ന സുവര്‍ണ നിക്ഷേപത്തിലേക്ക് വഴി കാട്ടുന്ന ചില സൂചനാഫലകങ്ങള്‍ ഇളക്കി മാറ്റിയപ്പോഴുണ്ടായ ചില ദ്വാരങ്ങളും കാണാവുന്നതാണ്. സൂര്യവര്‍മ്മന് ശേഷം ഭരണം  ജയവര്‍മ്മന്റെ കാലത്താണിത് ചെയ്തത് എന്ന് കരുതപ്പെടുന്നു. 
3. സ്വര്‍ഗവും നരകവും
ദക്ഷിണ ഗാലരിയുറെ കിഴക്ക് ഭാഗത്ത്‌ പാപികള്‍ക്ക് നരകത്തില്‍ കൊടുക്കുന്ന ശിക്ഷകളുടെ വിശദ വിവരങ്ങള്‍ സ്വര്‍ഗത്തിലെ വിശേഷങ്ങളും ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദു പുരാണങ്ങളില്‍ പറയുന്ന 37 സ്വര്‍ഗങ്ങളും 32 നരകങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ഏറ്റവും മുകളിലും മദ്ധ്യ ഭാഗത്തുമായി ഒരു പോത്തിന്റെ മുകളില്‍ ഇരിക്കുന്ന യമനും അതിന്റെ താഴെയായി സഹായികളായ ചിത്രഗുപതനും ധര്മ്മനും നിലകൊള്ളുന്നു. ഇവരുടെ മുന്നിലേക്ക്‌ നന്മ ചെയ്തവരെ ആനയിക്കുന്നു. താഴത്തെ നിരയില്‍ പിശാചുക്കള്‍ പാപികളെ വലിച്ചിഴച്ചു കൊണ്ടു പോകുന്നു. നരകത്തില്‍ കൊടുക്കുന്ന വിവിധ ശിക്ഷാമുറകള്‍ ഭീകരമായി ചിത്രീകരിച്ചിരിക്കുന്നു. ഇതിന്യെയെല്ലാം മുകളില്‍ സ്വര്‍ഗ രാജ്യത്തില്‍ ഗൌര്ടന്മാരും മാലാഖകളും സുന്ദര ഹര്മ്മ്യങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നു. ഈ ഭാഗത്തിന്റെ മട്ടുപ്പാവ് 1930 ല്‍ ഫ്രെഞ്ചുകാരാണ് പുനര്‍ നിര്‍മ്മിച്ചത്.  
                   പാലാഴി മഥനം
4. പാലാഴി മഥനം
ഹൈന്ദവ പുരാണത്തില്‍ ദേവന്മാരും അസുരന്മാരും കൂടി പാലാഴിയില്‍ നിന്ന് അമൃതം മഥനം ചെയ്യുന്നത് ചിത്രീകരിച്ചിരിക്കുന്നു. ആണ്ഗ് കോര്‍ ചുവര്‍ ചിത്രങ്ങളില്‍ ഏറ്റവും ഭംഗിയുള്ളതും ഇത് തന്നെ. 88 ദേവന്‍മാരും 82 അസുരന്മാരും ചേര്‍ന്ന്
ഭീമാകാരനായ വാസുകി എന്ന സര്‍പ്പത്തിനെ ഉപയോഗിച്ചാണ് മഥനം നടത്തുന്നത്. സര്‍പ്പത്തിന്റെ തല ഭാഗം ദേവന്മാരുടെ കയ്യിലും വാല്‍ ഭാഗം അസുരന്മാരുടെ കയ്യിലും ആണ്. സര്‍പ്പത്തിന്റെ ദേഹം മന്ധര പര്‍വതത്തില്‍ ചുറ്റിയിരിക്കുന്നു. പാലാഴി കടയുമ്പോള്‍ ജലവും മറ്റും മുകളിലോട്ടു തെറിക്കുന്നു. വിഷ്ണു ഭഗവാന്‍ ഭീമാകാരനായ ഒരു ആമയുടെ പുറം തോടു കടയുന്ന പര്‍വതത്തിന്റെ ആധാരമായി നില്‍ക്കുന്നു. ബ്രഹ്മാവ്‌ശിവന്‍, ഹനുമാന്‍ ലക്ഷ്മി എന്നിവര്‍ ഇടയ്ക്ക് പ്രത്യക്ഷമാവുന്നു. ഇതിന്റെ മുകളില്‍ ആയി ഒരു കൂട്ടം ഗന്ധര്‍വന്മാരും അപ്സരസ്സുകളും പാട്ടും നൃത്തവുമായി ഇവരെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നു.

5. കൃഷ്ണനും ബാണാസുര വധവും
ഉത്തരഗാലറിയുടെ തന്നെ കിഴക്ക് ഭാഗത്ത്‌ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്‍ രാക്ഷസരാജാവായ ബാണാസുരനുമായി യുദ്ധം ചെയ്യുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗരുഡന്റെ പുറത്തു ഇരിക്കുന്ന കൃഷ്ണന്‍ സുരക്ഷയ്ക്ക് വേണ്ടി താന്‍ താമസിക്കുന്ന നഗരത്തിനു ചുറ്റും തീ കത്തിച്ചു ജീവിക്കുന്ന ബാനാസുരന് ചുറ്റും ഉള്ള തീ ഗരുഡന്‍ കെടുത്തുന്നു. ബന്ധിതനായ ബാണാസുരനെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ വധിക്കുന്നു. അവസാന രംഗത്തില്‍ കൃഷ്ണന്‍ ബാണാസുരനെ വധിച്ചതിനു പരമശിവനോട് മാപ്പ് ചോദിക്കുന്നതായി കാണിക്കുന്നു.
6. ദേവാസുര യുദ്ധം
ഉത്തര ഗാലറിയുടെ പടിഞ്ഞാറ് ഭാഗത്ത്‌ ദേവാസുരയുദ്ധം ആണ് നിര്‍മ്മിച്ചിരിക്കുന്നത്. 21 ദേവന്മാരും അസുരന്മാരുമായാണ് യുദ്ധം. ദേവന്മാരുടെയും രാക്ഷസന്മാരുടെയും വസ്ത്രധാരണ രീതിയില്‍ നല്ല വ്യതാസം ഉണ്ട്. ഭഗവാന്‍ വിഷ്ണു ഗരുഡന്റെ മുകളില്‍  ഉള്ളതായാണ് കാണിച്ചിരിക്കുന്നത്.
7. രാമരാവണയുദ്ധം.
പത്തു തലയും ഇരുപതു കൈകളും ഉള്ള രാവണന്‍, തന്റെ സഹായികളും അടിമകളും വലിച്ചു കൊണ്ടു വന്ന ഒരു രഥത്തില്‍ യാത്ര ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത് ഹനുമാന്റെ തോളില്‍ ഇരുന്നു രാമന്‍ രാവണനെ വധിക്കുന്നു, തന്റെ സുന്ദരിയായ ഭാര്യ സീതയെ മോഷ്ടിച്ച് കൊണ്ടു പോയി സ്വന്തം ഭാര്യയാക്കാന്‍ ശ്രമിച്ചതിനു.
ആന്ഗ് കോര്‍ വാട്ട് ക്ഷേത്ര സമുച്ചയത്തിന്റെ പടിഞ്ഞാറു ഭാഗത്ത്‌ ഒരു വലിയ കുളം ഉണ്ട്. നിലാവുള്ള രാത്രിയില്‍ ക്ഷേത്രത്തിന്റെ പ്രതിബിംബം പൂര്‍ണമായും ആ തടാകത്തില്‍ കാണാം. ചില മാസങ്ങളില്‍ രാവിലെ സൂര്യനുദിച്ചു വരുമ്പോള്‍ ക്ഷേത്രം അത്യപൂര്‍വമായ രീതിയില്‍ കാണാന്‍ കഴിയുമെന്ന് പറഞ്ഞുകേട്ടു പ്രത്യേകിച്ചും സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക് നേരെ വരുമ്പോള്‍ ക്ഷേത്രത്തിന്റെ ഒത്തനടുവില്‍ സൂര്യന്‍ ഉദിക്കുമത്രേ. ഞങ്ങള്‍ പുലര്‍ച്ചെ ക്യാമറയും തൂക്കി അവിടെ എത്തി. ഉത്തരായന കാലമായതു കൊണ്ടു സൂര്യന്‍ ഉദിച്ചത് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായിരുന്നു. എങ്കിലും കുറെ ഫോട്ടോകള്‍ എടുത്തു. കുളത്തില്‍ വെള്ളം കുറവായത് കൊണ്ടും ചില ഭാഗങ്ങളില്‍ പായല്‍ നിറഞ്ഞത്‌ കൊണ്ടു പ്രതിബിംബം അത്ര വ്യക്തമായില്ല. ഞങ്ങളെപ്പോലെ സഞ്ചാരികളായ നാനൂറു പേരെങ്കിലും പുലര്‍ച്ചെ അവിടെ എത്തിയിരുന്നു.

നമ്മുടെ സഹയാത്രികന്‍ പറഞ്ഞു " ഇത് ആന്ഗ് കോര്‍ ക്ഷേത്രങ്ങളില്‍ ഒന്ന് മാത്രമാണ് ഇത് പോലെ പലതും നമുക്ക് അടുത്ത ദിവസം കാണാം ". മണ്ണിനടിയില്‍ മറഞ്ഞു പോകുമായിരുന്ന ഈ ക്ഷേത്രം വിദേശത്ത് നിന്ന് വന്ന ഫ്രെഞ്ച് ഭരണാധികാരികളാണ് ലോക ജനതയുടെ ശ്രദ്ധയില്‍പെടുത്തിയത്. പുനരുദ്ധാരണ പ്രക്രിയ ഇപ്പോഴും തീര്‍ന്നിട്ടില്ലഎങ്കിലും മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് പുനരുദ്ധാരണം ഏറ്റവും കൂടുതല്‍ ചെയ്തത് ഇവിടെ തന്നെയാണ്. ലോക ഹെരിറ്റേജ് കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് കൊണ്ടു ലോകത്തിലെ ടൂറിസ്റ്റ് മാപ്പില്‍ ആന്ഗ് കോര്‍ വാട്ട് അത്യപൂര്‍വ ശ്രദ്ധനേടുകയും ചെയ്തു.
ഇവിടെ വന്നു ഇതിനൊക്കെ കാരണമായ ഫ്രെഞ്ചുകാര്‍ക്ക് നന്ദി. നമോവാകം !!
        കാവല്‍ക്കാര്‍ സര്‍പ്പവും സിംഹവും





      
          വിമാനത്തില്‍ നിന്നുള്ള കാഴ്ച



തൂണിലെ ശില്‍പം
Some photos are from Wikipedia (Commons License )
അവലംബം:
 1. Ancient Ang Kore , Michael Freeman, Claude Jacques, ISBN 974 8225 275 , First published in Thailand in 1999by River Books Ltd.
 2. Cambodia : Lonely Planet , Nick Grey and Greg Bloom ( Written and research) , ISBN 975 3 74175 965 1, 8th edition published in Jan 2014 .
 3. Wikipedia articles in Ang Kor Wat : ( https://en.wikipedia.org/wiki/Angkor_Wat)

 4. Other tourist guides/pamphlets.

7:ആണ്ഗ് കോര്‍ വാറ്റ് -2

എ ഡി 802 മുതല്‍ 1200 വരെയുള്ള കാലഘട്ടത്തിലാണ് ആന്ഗ് കോര്‍ വാട്ടിലും പരിസരങ്ങളിലും ഉള്ള ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. കംബോഡിയായുടെ സുവര്‍ണ കാലമായിരുന്ന ആന്ഗ് കോര്‍ യുഗത്തിന്റെ ഏതാണ്ട് അവസാനത്തിനു കഷ്ടിച്ച് 200 വര്ഷം മുമ്പാണ് ആന്ഗ് കോര്‍ വാറ്റിലെ ഈ പ്രധാന ക്ഷേത്രസമുച്ച യത്തിന്റെ പണി തുടങ്ങിയത്. സൂര്യവര്‍മന്‍ രണ്ടാമന്‍ എന്ന ചക്ര വര്‍ത്തിയാണ് ആന്ഗ് കോര്‍ വാറ്റ്‌ എന്ന ക്ഷേത്രം നിര്‍മിക്കാനാ രംഭിക്കുന്നതു.. എല്ലാ ക്ഷേത്രങ്ങളുടെയും മാതാവായിവിഷ്ണുവി നെയും ശിവനെയും പ്രധാന ദൈവങ്ങളായി പ്രതിഷ്ഠിക്കുകയായി രുന്നു ലക്‌ഷ്യം. തന്റെ ശവകുടീരം അവിടെ തന്നെ സ്ഥാപിക്കണ മെന്നും  അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഇക്കാരണത്താലാണെന്ന് പറയുന്നു ഈ ക്ഷേത്രം മാത്രം പടിഞ്ഞാറോട്ട് ദര്‍ശനമായി സ്ഥാപിച്ചിരിക്കുന്നത്.
ആന്ഗ് കോര്‍ വാട്ട് ക്ഷേത്രം

1152ല്‍ വിയറ്റ്നാം എന്ന അയല്‍രാജ്യവുമായുള്ള യുദ്ധത്തില്‍ സൂര്യവര്മന്‍ രണ്ടാമന്‍ കൊല്ലപ്പെടുന്നു. ശക്തരായ ഈ ഉത്തര ദേശഅയല്‍ക്കാരുമായുണ്ടായ യുദ്ധം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ശത്രുതയ്ക്കും രക്തചൊരിച്ചിലിനും കാരണമാവുന്നു. 1177ല്‍  തായ്ലണ്ടുകാര്‍ ടോണ്‍ലെ സാപ് തടാകത്തില്‍ കൂടി വലിയ തോണികളില്‍ വന്നു അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഖമര്‍ രാജ്യത്തെ കീഴടക്കുന്നു. തലസ്ഥാന നഗരം നാലുവര്ഷം അങ്ങനെ തായ്‌ അധീനത്തിലാകുന്നു. 1181 ല്‍ ഭരണമേറ്റ ജയവര്മന്‍ 7 എന്ന അതിശക്തനും തന്ത്രശാലിയുമായ രാജാവ് ശത്രുക്കളെ തുരത്തി രാജ്യം വീണ്ടെടുക്കുന്നു. ആന്ഗ്കോര്‍ തോം എന്ന ക്ഷേത്രം പൂര്‍ത്തിയാക്കുന്നു. രാജ്യത്തെ മതം മഹായാനബുദ്ധമതമായി അംഗീകരിക്കപ്പെട്ടു. മുന്‍കാലത്ത് ഹിന്ദു ക്ഷേത്രമായി നിര്‍മ്മിക്കപ്പെട്ട പലവയും ബുദ്ധ ക്ഷേത്രമായി മാറി. വിഷ്ണുവിന്റെയും ശിവന്റെയും പ്രതിമകള്‍ ഇളക്കി ഒരു മൂലയില്‍ നിക്ഷേപിക്കപ്പെട്ടു. ആന്ഗ് കോര്‍ എന്ന വാക്കിനു ഖമര്‍ ഭാഷയില്‍ ക്ഷേത്രങ്ങളുടെ നഗരം എന്നോ ക്ഷേത്ര നഗരം എന്നോ ആണത്രെ. പേര്‍ കാണിക്കുന്നത് പോലെ ഒരു നഗരപഗോഡ ആയിട്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്..
ഹിന്ദു സങ്കല്‍പത്തിലുള്ള പ്രപഞ്ചത്തിന്റെ ഒരു ലഘു മാതൃകയായിട്ടാണ് രൂപ കല്പന.. ചുറ്റും സമുദ്ര സങ്കല്പത്തില്‍ ഒരു വലിയ തോട്. അതിന്റെ ഉള്ളില്‍ മൂന്നു തട്ടുകളായി ദൈവങ്ങളുടെ വാസസ്ഥാനമായി കരുതുന്ന അഞ്ചു ഗോപുരങ്ങള് ഉള്ള മഹാമേരുവിന്റെ രൂപങ്ങള്‍. 200 ഹെക്ടര്‍ വിസ്തൃതിയുള്ള ഈ ക്ഷേത്രം കിഴക്ക് പടിഞ്ഞാറായി 1.5 കിലോ മീറ്റര്‍ നീളത്തിലും തെക്ക് വടക്കായി 1.3 കിലോ മീറ്റര്‍ വീതിയിലും ആണ്. 190 മീറ്റര്‍ വീതിയുള്ള തോട്ടിന് കുറുകെ നിര്‍മിച്ച പാലത്തില്‍ കൂടിയാണ് കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും ഈ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. 1025 X 802 മീറ്റര്‍ അളവുള്ള ഒരു മതില് കൊണ്ടു ക്ഷേത്രം ചുറ്റപ്പെട്ടിരിക്കുന്നു. അതിന്റെ പ്രത്യേക നിര്‍മ്മാണ രീതി കൊണ്ടു ഗോപുരങ്ങളില്‍ പടിഞ്ഞാറെതു  തികച്ചും അപൂര്‍വമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുറം മതിലിന്റെ ഉള്ളില്‍ 82 ഹെക്ടര്‍ വിസ്തൃതിയില്‍ ഉണ്ടാക്കിയ ക്ഷേത്രം കേന്ദ്രത്തിലുള്ള 332 X 258 മീറ്ററില്‍ നിലകൊള്ളുന്ന കേന്ദ്ര തട്ടിലാണ്. ബാക്കിയുള്ള 9/10 ഭാഗം നഗരമായി മാറിയിരിക്കുന്നു. ഇതിനുള്ളില്‍ ആണ് ക്ഷേത്രത്തിനകത്തെ രാജാവിന്റെ കൊട്ടാരം നില നിന്നിരുന്നത്. ഇപ്പോള്‍ ഈ കൊട്ടാരത്തിന്റെ ഭാഗങ്ങള്‍ ഒന്നും കാണുന്നില്ല എങ്കിലും. ഈ കൊട്ടാരം താരതമ്യേന കനം കുറഞ്ഞ ചുണ്ണാമ്പു കല്ലില്‍ നിര്‍മ്മിച്ചിരുന്നത് കൊണ്ടാവാം ഇത് നശിച്ചു പോയത്. അന്നത്തെ ശില്പ രീതി അനുസരിച്ച് ഈ കൊട്ടാരം ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായിരുന്നു സ്ഥാപിച്ചിരുന്നത്
ശ്രീകോവിലിലെക്കുള്ള പടികള്‍


 ക്ഷേത്രം അന്നത്തെ ഖമര്‍ ശില്പ രീതി അനുസരിച്ച് ഒരു ഗോപുരവും അതിനു ചുറ്റും ഒന്നിന് ചുറ്റും മറ്റൊന്നായി തട്ടുകളായി ആണ് നിര്‍മ്മിച്ചിരുന്നത്. ഗോപുരം കല്ലുകള്‍ അടുക്കി തട്ട് തട്ടുകളായി ആണ് ഉണ്ടാക്കിയത്. ഹിന്ദു സങ്കല്‍പത്തിലുള്ള ശ്രീ കോവില്‍ പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദുവില്‍ വരത്തക്ക വിധം ആണ് രൂപ കല്‍പ്പന ചെയ്തത്. ഒരു പര്‍വതത്തിന്റെ രൂപത്തില്‍ മഹാമേരുവും ചുറ്റും തട്ടുകളും. ചുരുക്കത്തില്‍ ക്ഷേത്ര സമുച്ചയം ആകെക്കൂടി മൂന്നു തട്ടുകളായി ഉണ്ടാക്കിയ ഒരു പിരമിഡിന്റെ ആകൃതിയില്‍ ആണ് . അഞ്ചു ഗോപുരങ്ങളുടെയും കേന്ദ്രത്തില്‍ ആണ് ദേവ പ്രതിമകള്‍ സ്ഥാപിച്ചിരുന്ന ശ്രീ കോവില്‍.


                 

മറ്റൊരു ഗോപുരം ചുറ്റുമുള്ള പടികളും

ക്ഷേത്രത്തിന്റെ പുറം ഭിത്തികള്‍ മുഴുവന്‍ വിവിധ ദേവതാ രൂപങ്ങളും ഹിന്ദു പുരാണങ്ങളായ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകളും ചിത്രീകരിച്ചിരിക്കുന്നു. പാലാഴി മഥനത്തിന്റെയും കുരുക്ഷേത്ര യുദ്ധത്തിലെ പ്രധാന ഭാഗങ്ങളും കരിങ്കല്ലില്‍ കൊത്തി വച്ചിരിക്കുന്നു. രാജാക്കന്മാരുടെ യുദ്ധവിജയങ്ങളും ഇതില്‍ ഉണ്ട്. ആനപ്പുറത്തും കുതിരപ്പുറത്തും യുദ്ധ സന്നദ്ധരായ പടയാളികളുടെയും രഥങ്ങളില്‍ യുദ്ധം നയിക്കുന്ന രാജാക്കന്മാരുടെയും എല്ലാം ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ തന്നെ 1000 ച മീറ്റര്‍ വിസ്തൃതിയില്‍ ആണ്.
ബുദ്ധ വിഗ്രഹം കിടക്കുന്ന രീതിയില്‍

                      
                   പ്രവേശന കവാടം 

ഓട്ടുലോഹത്തില്‍ ഉണ്ടാക്കിയ തകിടുകള്‍ കൊണ്ടു ഈ ചിത്രങ്ങള്‍ക്കു ആവരണം ചെയ്തിരുന്നു എന്ന് ഊഹിക്കപ്പെടുന്നു. ഈ ലോഹപാളികള്‍ തസ്കരരുടെ ആദ്യത്തെ ഇരകളായി ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടു. ആയിരക്കണക്കിന് ശില്‍പ്പികള്‍ പല വര്‍ഷങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചവയായിരിക്കാം ഇവ. ഈ നിര്‍മ്മാണത്തിന് വേണ്ട കഴിവുകള്‍ അന്നത്തെ ശില്‍പ്പികള്‍ക്ക് സ്വായത്തമായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. ഇവിടെ കണ്ടെത്തിയ പല ശില്‍പ്പങ്ങളും എ ഡി ഏഴാം നൂറ്റാണ്ടു വരെ പഴക്കം ഉള്ളതാണെന്ന് കണക്കാക്കി യിരിക്കുന്നു. നല്ലൊരു ഭാഗം ശില്പങ്ങള്‍ തായ്ലന്റിലെക്കും മറ്റും കടത്തിക്കൊണ്ടു പോയിട്ടുണ്ട്വിദേശികളും അവര്‍ക്ക് കൊണ്ടു പോകാവുന്നതൊക്കെ കൊണ്ടു പോയിട്ടുണ്ട്.

                 രാമ സീതാ ലക്ഷ്മണന്മാര്‍













ഈജിപ്റ്റിലെ പിരമിഡുകളുടെ നിര്‍മ്മാണത്തിലെപ്പോലെ ആയിരക്ക ണക്കിന് ടണ്ണ്‍ മണല്‍കല്ല്‌ (Sand stone) കൊണ്ടാണ് ഇവ നിര്‍മ്മിച്ചത്. സുമാര്‍ 1.5 ടണ്ണ്‍ ഭാരമുള്ള ചതുരാകൃതിയിലുള്ള പാറകള്‍ ആണ് ഇവിടെ ഉപയോഗിച്ചത്. ഇവിടെ ഉപയോഗിച്ച ശിലകള്‍ സുമാര്‍ 40 കിലോമീറ്റര്‍ ദൂരത്തുള്ള കുല്ലന്‍ മലയില്‍ നിന്നാണ് കൊണ്ടു വന്നതു . സയാം റീപ് നദിയില്‍ കൂടി ചങ്ങാടത്തില്‍ ഒഴുക്കിനനുകൂലമായി ഇവിടെ എത്തിച്ചിരിക്കാനാണ് സാദ്ധ്യത. ഇതിനു വേണ്ടി കുല്ലന്‍ പര്‍വതത്തില്‍ നിന്നും പുറപ്പെട്ടു ആന്ഗ് കോര്‍ വാട്ട് വരെ നിര്‍മ്മിച്ച ഒരു തോടിന്റെ വിവരങ്ങള്‍ ഒരു വിമാന സര്‍വെയില്‍ ജപ്പാനിലെ ഒരു യൂണിവേര്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് 2012 ല്‍.
ഞങ്ങള്‍ അവിടെ എത്തിയത് ഉച്ച കഴിഞ്ഞു രണ്ടു മണിയോടെ ആണ്. പടിഞ്ഞാറു ഭാഗത്തുള്ള പ്രവേശന പാലത്തില്‍ കൂടി ആണ് അകത്തേക്ക് കയറിയത്. പാലത്തിന്റെ രണ്ടു വശവും ഭീമാകാരമായ പ്രതിമകള്‍ സ്ഥാപിച്ച്രിക്കുന്നു. ഖമര്‍ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും രക്ഷകനായ സര്‍പ്പവും വ്യാളിയും ആണ് കൂടുതലും. മറ്റു പ്രതിമകളും കുറവല്ല. എല്ലാം 3 - 4 ടണ്ണ്‍ എങ്കിലും ഭാരമുള്ള ഭീമാകാരമായ കല്ലില്‍ നിര്‍മ്മിച്ചവ. ചിലതൊക്കെ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് കയറുമ്പോള്‍ ആദ്യം കാണുന്ന വലിയ കെട്ടിടം ഒരു ഗ്രന്ഥശാലയായിരുന്നു വത്രെ. അതില്‍ ഇപ്പോള്‍ ഒന്നും ഇല്ലഏതാനും ബുദ്ധ ഭിക്ഷുക്കള്‍ ചിലതൊക്കെ വായിച്ചു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ മുകളിലേക്കുള്ള കയറ്റം  അല്പം ദുഷ്കരമായി തോന്നിയെങ്കിലും ഞങ്ങള്‍ രണ്ടു പേരും പടവുകള്‍ മെല്ലെ ചവിട്ടി മുകളില്‍ എത്തി. ശ്രീകോവിലില്‍ ബുദ്ധ പ്രതിമ ചെറിയ അലങ്കാരത്തോടെ പട്ടു വിരിച്ചു കിടത്തിയിരിക്കുന്നു. അവിടെ നിന്ന് ഗോപുരങ്ങളുടെ എല്ലാം കാലപ്പഴക്കം കൊണ്ടു വന്ന കേടുപാടുകള്‍ വ്യക്തമായി കാണാം.





            മുന്നിലെ കുളവും അതിലെ പ്രതിബിംബവും