കോലാലംപൂരില്‍ നിന്നും തിരിച്ച വിമാനം ഇറങ്ങിയത് നോം പെന്‍ എന്ന കംബോഡിയായുടെ തലസ്ഥാന നഗരത്തില്‍ ആണ്. കഷ്ടിച്ചു നമ്മുടെ കോഴിക്കോടു പോലെയുള്ള ഒരു ചെറിയ നഗരം. മെക്കോന്ഗ് നദി നഗരത്തില്‍ കൂടി ഒഴുകുന്നു. ഏഷ്യയിലെ ഏഴാമതും ലോകത്തിലെ പന്ത്രണ്ടാമതും ദൈര്‍ഘ്യമുള്ള നദി. ഈ നദിയുടെ ഗാംഭീര്യം കണ്ടുകൊണ്ടു തെളിഞ്ഞ സൂര്യവെളിച്ചത്തില്‍ വിമാനം ഇറങ്ങി.
ഞങ്ങളുടെ യാത്ര ഏല്പിച്ചിരുന്ന ടൂര്‍ കമ്പനിയുടെ സഹായിയും ഡ്രൈവറും വാഹനത്തോടൊപ്പം വിമാനത്താവളത്തില്‍ ഹാജര്‍. ഹോട്ടലിലേക്ക് പോകുമ്പോള്‍ തന്നെ അന്നത്തെ പരിപാടി വിശദമായി പറഞ്ഞു. കംബോഡിയന്‍ രാജകൊട്ടാരം, കുപ്രസിദ്ധമായ കൂട്ടക്കൊല നടന്ന സ്ഥലം (Killing grounds) , വെള്ളിയില്‍ നിര്‍മിച്ച പഗോടാ, മെക്കോന്‍ഗ് നദിയിലൂടെയുള്ള ബോട്ട് യാത്ര എന്നിവയാണ് ഇന്നത്തെ പരിപാടി. ഉറക്കം മതിയായില്ലെങ്കിലും പെട്ടെന്ന് കുളിച്ചു തയാറായി കൊട്ടാരത്തിലേക്ക് യാത്രയായി.
കമ്പോഡിയായുടെ ഉത്പതിയെപറ്റിയുള്ള കഥ
ഒരു കാലത്ത് കമ്പോഡിയായുടെ ഭൂരിഭാഗവും ഒരു തടാകത്തിന്റെ ( ഇന്നത്തെ ടോന്‍സ്ലേ സാപ് തടാകം ) ഭാഗമായിരുന്നു. ഒരിക്കല്‍ കൌടിന്യന്‍ എന്ന പേരുള്ള സുന്ദരനായ ഒരു ചെറുപ്പക്കാരന്‍, ഒരു തോണിയില്‍ തടാകത്തില്‍ കൂടി യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു സുന്ദരിയെ മറ്റൊരു തോണിയില്‍ കണ്ടു. അവളില്‍ ആകൃഷ്ടയായ അയാള്‍ ഒരു മാന്ത്രിക അസ്ത്രം അവളിലേക്കയച്ചു. യുവാവില്‍ ആകൃഷ്ടയായ അവള്‍ വിവാഹം കഴിക്കാന്‍ അയാളെ സമീപിച്ചു. നാഗരാജാവിന്റെ മകളായ ഒരു മത്സ്യകന്യകയായിരുന്നു അവള്‍. അയാളെയും കൂട്ടി അവള്‍ പിതാവിന്റെ അടുത്തെത്തി. യുവാവ് വിവാഹം സ്വീകാര്യമാണെന്ന് പറഞ്ഞു എങ്കിലും സ്ത്രീധനമായി തനിക്കു ഭരിക്കുവാന്‍ ഒരു രാജ്യം വേണമെന്ന് ആവശ്യപ്പെട്ടു. നാഗരാജാവ്, തടാകത്തിലെ വെള്ളം മുഴുവന്‍ കുടിച്ചു വറ്റിച്ചു തടാകത്തില്‍ നിന്ന് വീണ്ടെടുത്ത് തന്റെ ജാമാതാവിനു നല്കിയതാണത്രേ ഇന്നത്തെ കംബോഡിയാ രാജ്യം. ഇന്നും കംബോഡിയായുടെ ഒരു ഭാഗം വെള്ളത്തിനടിയിലാണ്. പൊങ്ങിക്കിടക്കുന്ന ഗ്രാമം (Floating village) ഇവിടെയാണ്, കഥയുടെ ചെറിയ ഭാഗം എങ്കിലും ന്യായീകരിക്കുന്നത് പോലെ.
കമ്പോഡിയായില്‍ ദീര്‍ഘകാലം രാജ വാഴ്ച നിലവിലിരുന്നു. എഴുപതുകളില്‍ ഏതാനും വര്ഷം ജനാധിപത്യം നിലവില്‍ വന്നു എങ്കിലും വീണ്ടും രാജ ഭരണത്തിലേക്ക് പോയി . 1860 ഇല്‍ നിര്മിക്കപ്പെട്ടതാണ് ഇന്നത്തെ കൊട്ടാരം. ഖമര്‍ റൂഷിന്റെ ഭരണത്തിലിരുന്ന ഏതാനും വര്‍ഷങ്ങള്‍ ഒഴിച്ച് രാജ കുടുംബാംഗങ്ങള്‍ ഇവിടെ താമസിച്ചു വരുന്നു. 802 മുതല്‍ 15 ആം നൂറ്റാണ്ടു വരെ ടോന്ലെ സാപ്(Tonle Sap lake ) തടാകത്തിനടുത്തായിരുന്ന ആന്ഗ്കോര്‍ ആയിരുന്നു മുന്‍പത്തെ തലസ്ഥാനം. തായ് ലണ്ടുമായുള്ള യുദ്ധത്തില്‍ ആന്ഗ്കോരില്‍ നല്ലൊരു ഭാഗം നശിപ്പിക്കപെട്ടതിനു ശേഷം പതിനഞ്ചാം നൂറ്റാണ്ടില്‍ ആണ് നോം പെന്‍ തലസ്ഥാനമായതു. ചുരുങ്ങിയ കാലം കഴിഞ്ഞു വീണ്ടും തലസ്ഥാനം മറ്റു നഗരങ്ങളിലേക്ക് നീങ്ങി. ബസാന്ഗ്, ലോന്ഗ്വേക്, ഔഡോന്ഗ് എന്നീ നഗരങ്ങളില്‍ ആയിരുന്ന ഓരോ കാലഘട്ടത്തിലും മാറി മാറി വന്ന തലസ്ഥാനം. അവസാനം പത്തൊന്‍പതാം നൂറ്റാണ്ടിലാണ് വീണ്ടും നോം പെന്നില്‍ എത്തിയത്. 1814 ഇല്‍ ആന്ഗ് ചാന്‍ എന്ന രാജാവാണ് ഈ രാജകൊട്ടാരത്തിന്റെ ഭാഗമായ ബാന്റെയ് കീവ് ( ക്രിസ്റ്റല്‍ സിറ്റാടെല്‍ ) ഉണ്ടാക്കിയത്. ഈ കെട്ടിടവും അഗ്നിക്കിരയായി വീണ്ടും രാജാവ് ഔഡോന്ഗ് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അവസാനമായി ഫ്രെഞ്ച് സംരക്ഷണത്തില്‍ 1864 ഇലാണ് കൊട്ടാരം വീണ്ടും നോം പെന്നില്‍ എത്തിയത്. ആദ്യം ഒരു മരത്തില്‍ നിര്‍മിച്ച താല്‍കാലിക കെട്ടിടമായിരുന്നു രാജാവിന്റെ താമസത്തിന്. ഇപ്പോള്‍ കൊട്ടാരം ഇരിക്കുന്ന സ്ഥലത്ത് ആദ്യത്തെ കൊട്ടാരം നീക്ക് ഒഖ്ന മാക് എന്ന ശില്പിയാണ് രൂപകല്‍പന ചെയ്തത്. ഖമര്‍ ശില്പകലയുടെയും യൂറോപ്യന്‍ ശില്പകലയുടെയും ഒരു മിശ്രമാണ് ഇന്നത്തെ രാജ കൊട്ടാരം. അന്നത്തെ നിലനില്കുന്ന കെട്ടിടങ്ങളില്‍ ഒന്ന് 1876 ല്‍ ഫ്രെഞ്ച് സര്‍ക്കാര്‍ നല്‍കിയ നെപ്പോളിയന്‍ പവിലിയന്‍ ആണ്. ഇരുമ്പു കൊണ്ടു നിര്‍മിച്ച ഈ പവിലിയനിലേക്കു ഇപ്പോള്‍ കാണികള്‍ക്ക് പ്രവേശനം ഇല്ല, അതിന്റെ ഇന്നത്തെ മോശപ്പെട്ട അവസ്ഥ കാരണമായി. 1865 ഇല്‍ നരോദം രാജാവ് ഇവിടേക്ക് താമസം മാറ്റി. അങ്ങനെ നോം പെന്‍ നഗരം കംബോഡിയായുടെ ഔദ്യോഗിക തലസ്ഥാനവും ആയി.
ശിശോവത് (1904–1927) രാജാവ് ഈ രാജകൊട്ടാരത്തില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച് ഭംഗി കൂട്ടി. 1913-1919 കാലത്ത് പഴയ കെട്ടിടങ്ങളില്‍ ചിലത് ഇടിച്ചു പൊളിച്ചു പവിലിയന്റെയും കിരീട കൊട്ടാരത്തിന്റെയും വലിപ്പം കൂട്ടി. മുപ്പതുകളില്‍ മോനിവോന്ഗ് രാജാവ് ഒരു പള്ളിയുണ്ടാക്കി. അതോടൊപ്പം തന്നെ പഴയ കൊട്ടാരം പുതുക്കി പണിയുകയും ചെയ്തു. ഈ കൊട്ടാരം ആണ് ഇന്നും ഉപയോഗിക്കുന്നത്. സിഹാനൂക് രാജാവിന്റെ കാലത്ത് 1956 ല്‍ വിദേശ സഞ്ചാരികള്‍ക്ക് താമസിക്കുവാന്‍ ഒരു പ്രത്യേക കൊട്ടാരം നിര്‍മിച്ചു.
പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ ഇവയാണ്.
1. സിംഹാസന മണ്ഡപം ( Thrown Palace)
രാജാവ് തന്റെ വിശ്വസ്തരായ മന്ത്രിമാരും പട്ടാള മേധാവികളും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്ന സ്ഥലമായിരുന്നു ഇത്. ഇപ്പോള്‍ ഈ മണ്ഡപം മതപരമായ പ്രത്യേക ചടങ്ങുകള്‍ക്കും കിരീട ധാരണം പോലെയുള്ള കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. കുരിശിന്റെ മാത്രുകയില്‍ നിര്‍മിച്ച ഈ കെട്ടിടത്തിനു മൂന്ന് മുഖങ്ങള് ഉണ്ട്. .. ഇതില്‍ കേന്ദ്രത്തിലുള്ളതു 59 മീറ്റര്‍ ഉയരമുള്ളതു നാന്മുഖനായ ബ്രഹ്മാവിന്റെ മുഖം ഉള്‍ക്കൊള്ളുന്നു. ഹാളിനകത്ത് രാജാവിന്റെ സിംഹാസനങ്ങളും കംബോടിയന്‍ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും പ്രതിമകളും സ്ഥാപിച്ചിരിക്കുന്നു. പല കാലഘട്ടങ്ങളിലും പുതുക്കി പണിത ഈ കെട്ടിടം 1917 ലാണ് ഏറ്റവും അടുത്തു പുതുക്കിയത്. കിരീട ധാരണ സമയതു രാജാവ് പൂര്‍ണമായ രാജകീയ വേഷ ഭൂഷാദികളോട് കൂടി സിംഹാസനത്തില്‍ ഇരിക്കണം. ഈ കെട്ടിടത്തിന്റെ ഭിത്തികളിലും മറ്റും സുന്ദരമായ പൂക്കളുടെയും രണ്ടു നിരയിലായി ഗരുഡന്ടെ പ്രതിമകളും സ്ഥാപിച്ചിരിക്കുന്നു. സിംഹാസനത്തിന്റെ ഒന്‍പതു നിലകളില്‍ മൂന്നെണ്ണം നരകം , ഭൂമി, സ്വര്‍ഗം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന്നുവത്രേ. ഒന്‍പതു നിലയിലുള്ള ഒരു കുടയും ഇതിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്നു. ഖമര്‍ രാജാവിന്റെ അധികാര ചിഹ്നം ആണിത്.
2.. ചന്ദ്രികാമണ്ഡപം (Moon light palace)
ഇതൊരു തുറന്ന മണ്ഡപം ആണ്. ഖമര്‍ ക്ലാസിക്കല്‍ നൃത്തങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണിതുപയോഗിക്കുന്നത്. 1913–14 കാലഘട്ടത്തില്‍ ശിശോവത് രാജാവാണിതും നിര്‍മ്മിച്ചത്. രാജകൊട്ടാരത്തിലെ നര്തകര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനും രാജാവിന് പ്രജകളോടു സംസാരിക്കാനുള്ള സ്ഥലമായും രാജകീയ സത്കാരങ്ങള്‍ക്കും പ്രയോജനപ്പെടുന്നു. ഏറ്റവും അടുത്തു 2004 ല്‍ ഇന്നത്തെ രാജാവ് നരോദം സിഹാമന്റെ കിരീട ധാരണത്തോ തോടനുബന്ധിച്ചു നടന്ന സത്കാരത്തിന് ഇതുപയോഗിച്ചു.
3.. രജത പഗോടാ (Silver pagoda)











അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ